തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം ആരംഭിക്കുന്നതിനു മുൻപേ കന്റോണ്മെന്റ് ഹൗസിൽ കോണ്ഗ്രസ് പ്രവർത്തകരുടെ ആവേശം നിറഞ്ഞു തെളിഞ്ഞിരുന്നു.
മുൻവശത്തെ പത്രസമ്മേളന ഹാളിലെ ’ബിഗ് സ്ക്രീൻ’ നേതാക്കൾക്കും പ്രവർത്തകർക്കുമായി വിട്ടു കൊടുത്ത് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിലെ ടെലിവിഷനു മുന്നിൽ ആത്മവിശ്വാസത്തിന്റെ കസേരയിട്ടിരുന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫലപ്രവചനം വീക്ഷിച്ചത്. തൊട്ടു മുന്നിലെ മേശയിൽ കൈയകലത്തിൽ തുറന്നുവച്ച ’മരുഭൂമിയിലെ മരുപ്പച്ച’ എന്ന പുസ്തകം.
ടിവി സ്ക്രീനിൽ കണ്ണോടിക്കുന്നതിനിടയിൽ തന്നെ ഇടയ്ക്കിടെ യുഡിഎഫ് സ്ഥാനാർഥികളെ വിളിച്ച് പ്രതിപക്ഷ നേതാവ് വിവരങ്ങൾ തിരക്കുന്നുണ്ട്. ഇങ്ങോട്ടു വിളിക്കുന്നവരുടെ കോളുകൾ അറ്റൻഡു ചെയ്യുന്നുമുണ്ട്.
മുറിയിലുണ്ടായിരുന്ന പ്രവർത്തകരോടും നേതാക്കളോടും കാണാനെത്തിയവരോടും അതിനിടയിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. യുഡിഎഫിന്റെ ലീഡ് നില ഉയരുന്പോൾ തൊട്ടപ്പുറത്തെ ഹാളിൽ നിന്നും പ്രവർത്തകരുടെ ആവേശം ആഘോഷ മുദ്രാവാക്യമായി ഉയരുന്നതും കേൾക്കാം.
സമയം പത്തു മണിയോടടുക്കുന്നു. യുഡിഎഫിന്റെ ലീഡ് തൊണ്ണൂറും കടന്ന് മുകളിലേക്ക്. പിന്നിട്ട ആറു റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണെന്ന് ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ കോണ്ഗ്രസ് പ്രവർത്തകരുടെ ആർപ്പുവിളികൾ ആവേശമിന്നലായി, ’കടക്ക് പുറത്ത്..കടക്ക് പുറത്ത്’ എന്ന് ആകാവുന്നത്ര ഉച്ചത്തിൽ അലറിവിളിച്ചു.
അപ്പോഴേക്കും പ്രതിപക്ഷ നേതാവിനെ അഭിനന്ദനം അറിയിക്കാൻ കടന്നു വന്നവരെ കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറി നിറഞ്ഞിരുന്നു. നേതാക്കളും പ്രവർത്തകരും മുതൽ പ്രമുഖ വ്യക്തിത്വങ്ങൾ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ.
ഷാളണിയിച്ചും സമ്മാനങ്ങൾ നൽകിയും അവർ പ്രിയ നേതാവിന് സ്നേഹാശംസകളും അഭിനന്ദനങ്ങളും നേർന്നു. അധ്യാപകനും അക്കാഡമീഷ്യനുമായ ഡോ. അച്യുത്ശങ്കർ എസ്. നായർ, പുസ്തകങ്ങളുടെ തോഴനായ വി.ഡിക്കു സമ്മാനിച്ചത് ഏറ്റവും പുതിയ ശാസ്ത്ര പുസ്കങ്ങളിലൊന്നായിരുന്നു; ഡോ. പോൾ ഗോൾഡ്സ്മിത്ത് രചിച്ച ’ദ ഇവോൾവിംഗ് ബ്രെയിൻ’.
കാണാനെത്തിയവരെ ചേർത്തു പിടിക്കുന്നതിനിടയിലും ആശംസകൾക്ക് നന്ദി അറിയിക്കുന്നതിനിടയിലും പ്രതിപക്ഷ നേതാവിന്റെ കണ്ണുകൾ ഇടയ്ക്കിടെ ടിവി സ്ക്രീനിലൂടെ കടന്നു പോയി. സമയം 10.45 നോടടുക്കുന്നു. എൽഡിഎഫ് തകർന്നടിഞ്ഞതായുള്ള വാർത്താ വിശകലനങ്ങൾക്കിടെ യുഡിഎഫിന്റെ ലീഡ് 101 ലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു.
ഓഫീസ് മുറി വിട്ട് പുറത്ത് കടന്ന പ്രിയ നേതാവിനെ പൊതിഞ്ഞ പ്രവർത്തകർ, ആഹ്ലാദ മുദ്രാവാക്യങ്ങൾ കൊണ്ടു തുന്നിയ പൊന്നാടയണിയിച്ചു; പുതുയുഗപ്പിറവിയുടെ ആവേശം വാക്കുകളിൽ നിറഞ്ഞു’ഞങ്ങൾക്കൊന്നേ നേതാവുള്ളൂ...വിഡിഎസേ നേതാവേ.’
കന്റോണ്മെന്റ് ഹൗസിന്റെ മുറ്റത്തു നിന്നും കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിലേക്കു പ്രതിപക്ഷ നേതാവിന്റെ വാഹനം യാത്ര തരിക്കുന്പോൾ, യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവിൽ ആഹ്ലാദഭരിതരായ കോണ്ഗ്രസ് പ്രവർത്തകർ കേരളമെങ്ങും വിജയാഘോഷത്തിനു തുടക്കമിട്ടിരുന്നു.